പാലാ : കോട്ടയം പാലായിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസിനെ (29) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ആലപ്പുഴ വാടയ്ക്കൽ പള്ളിപ്പറമ്പിൽ പി വി വിനീഷിനെ(27)യാണ് പാലാ കോടതി റിമാൻഡ് ചെയ്തത്.
വിനീഷിൻ്റെ പെൺസുഹൃത്തിന് ബിബിൻ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായി.ലെയ്ത്ത് നിർമ്മാണ ഉപകരാറുകാരനായ ബിബിനും ഇയാളുടെ ജോലിക്കാരനായ വിനീഷും പാലായിൽ ഒരു വീടിൻ്റെ നിർമ്മാണ ജോലിക്ക് എത്തിയതായിരുന്നു.
വീടിൻ്റെ പാലുകാച്ചലിനോടനുബന്ധിച്ച് ഉടമ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ഇരുവരും തെക്കേക്കരയിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിന് മുന്നിൽ വ്യാഴം രാത്രിയാണ് മദ്യ ലഹരിയിൽ വാക്കുതർക്കത്തിലേർപെട്ടത്. തുടർന്നാണ് സംഭവം. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു.