തിരുവനന്തപുരം : കോടതി വിധിയിൽ നിരാശയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീത്വത്തിന്റെ മഹത്വമുയർത്തുന്ന വിധിയല്ലെന്നും കേസിലെ വൻ മീനുകളെ വെറുതെ വിടുകയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് എങ്ങനെ കോടതിക്ക് പുറത്ത് പോയി? മെമ്മറി കാർഡ് പലർക്കും കാണാൻ എങ്ങനെ അവസരമുണ്ടാക്കി? ആരാണ് അവസരമുണ്ടാക്കിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കണം. അതിജീവിതയുടെ കൂടെ അവസാനം വരെ നിൽക്കും. കേസിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടില്ലെന്നും കേസിൽ അപ്പീൽ പോകുക എന്നത് സർക്കാരിന്റെ ദൃഢ നിശ്ചയമുള്ള നിലപാടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ്, 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പിക്ക് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ എന്നിങ്ങനെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.