തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് നടന്‍ പ്രേംകുമാര്‍. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് നല്ല ശിക്ഷ കിട്ടിയെന്നും ഈ കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപും, പ്രോസിക്യൂഷനും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നുണ്ട്. എന്താണ് ഗൂഢാലോചന? ആരാണ് ഗൂഢാലോചന നടത്തിയത്? ആര്‍ക്കെതിരെയാണ് നടത്തിയത്? എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.അതിജീവിതക്ക് നീതി ലഭിച്ചോ എന്ന ചോദ്യത്തിന് നീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് പ്രേം കുമാര്‍ ചോദിച്ചു.
അതേ സമയം, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക ജയില്‍വാസം അനുഭവിക്കണം.
പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ കുടുംബപശ്ചാത്തലങ്ങള്‍ വിവരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.