കൺമുന്നിൽ കാട്ടാന; വിരണ്ട് സ്ത്രീ തൊഴിലാളികൾ

മൂന്നാർ: തേയിലത്തോട്ടത്തിൽ കൊളുന്ത് ശേഖരിക്കുന്നതിനിടെ മുന്നിൽ എത്തിയ കാട്ടാനയെക്കണ്ട് സ്ത്രീ തൊഴിലാളികൾ വിരണ്ടു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കണ്ണൻ ദേവൻ കമ്പനി സെവൻമല എസ്റ്റേറ്റ് ന്യൂ മൂന്നാർ ഡിവിഷനിലാണ് സംഭവം നടന്നത്. ഈ ഡിവിഷനിലെ 45ാം നമ്പർ ഫീൽഡിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്ക് സമീപമാണ് കൊമ്പൻ എത്തിയത്.

45 തൊഴിലാളികളാണ് ഇവിടെ കൊളുന്ത് എടുത്തിരുന്നത്. കുന്നിന്റെ ചരുവിലായിരുന്നു ഇവരെല്ലാം. പെട്ടെന്നാണ് മലയുടെ എതിർവശത്തുനിന്ന് കുന്നുകയറി ഒറ്റയാൻ ഇവർക്ക് അടുത്ത് വരെയെത്തുകയായിരുന്നു. 50 മീറ്ററോളം അടുത്ത് എത്തിയപ്പോഴാണ് തൊഴിലാളികൾ ആനയെ കണ്ടത്. എന്നാൽ, തൊഴിലാളികളെ കണ്ടതിനെ തുടർന്ന് ആന മലയടിവാരത്തിലേക്ക് തിരിച്ചുപോയി. ഇതോടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായത്.