

കാസർകോട്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ മിനിറ്റുകൾ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു. തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിന് നേരെയാണ് ബുധനാഴ്ച രാത്രിയോടെ സിനിമാ സ്റ്റൈലിൽ അക്രമം അരങ്ങേറിയത്. ഹോട്ടലിലെ ഇതരസംസ്ഥാന ജീവനക്കാർക്ക് മർദനമേൽക്കുകയും ഡെലിവറി വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ഹോട്ടൽ ഉടമ ഷിഹാബുദ്ദീൻ പറയുന്നത്
രാത്രി 11 മണിയോടെ എത്തിയ നാലംഗ സംഘം ഗ്രിൽ ചിക്കനും മന്തിയും ഓർഡർ ചെയ്തു. 15 മിനിറ്റ് താമസമെടുക്കുമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യുവാക്കൾ അക്രമാസക്തരായി. പാത്രങ്ങളും ഗ്ലാസുകളും എറിഞ്ഞുതകർത്തു. ഉടമ വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പോലീസ് വിട്ടയച്ചതിന് പിന്നാലെ 25-ഓളം വരുന്ന സംഘവുമായി യുവാക്കൾ വീണ്ടും ഹോട്ടലിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഹോട്ടലിന്റെ ചില്ലുകൾ തകർക്കുകയും ജീവനക്കാരെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഒരു ജീവനക്കാരന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. പുറത്ത് നിർത്തിയിട്ടിരുന്ന ഡെലിവറി വാഹനങ്ങളും സംഘം തകർത്തു-ഹോട്ടൽ ഉടമ പറയുന്നു.
പയ്യന്നൂർ സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി ചന്തേര പോലീസ് തിരച്ചിൽ ഊർജിതമാക്കി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഹോട്ടലിനുണ്ടായിരിക്കുന്നത്.