

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെൻ സെന്നിനെ നിയമിച്ചു. നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇദ്ദേഹത്തെ കേരളത്തിലേക്ക് മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി.
നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി 9-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ജനുവരി 9-ന് തന്നെ ജസ്റ്റിസ് സൗമെൻ സെൻ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
2027 ജൂലൈ 27 വരെ ഇദ്ദേഹത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി കാലാവധിയുണ്ട്. ഡിസംബർ 18-നാണ് സുപ്രീംകോടതി കൊളീജിയം ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇദ്ദേഹം മേഘാലയ ഹൈക്കോടതിയുടെ തലപ്പത്തെത്തിയത്.
കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജസ്റ്റിസ് സൗമെൻ സെൻ, 2011-ലാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. നിയമരംഗത്തെ ദീർഘകാലത്തെ പരിചയസമ്പത്തുമായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.