

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടത്തിവരുന്ന 'ഓപ്പറേഷൻ ഡി ഹണ്ടിന്റെ' ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ 58 പേർ അറസ്റ്റിലായി. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1,643 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 46 കേസുകൾ രജിസ്റ്റർ ചെയ്യുകയും മാരക ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ:
എം.ഡി.എം.എ (MDMA): 0.055 കി.ഗ്രാം
കഞ്ചാവ്: 20.91 കി.ഗ്രാം
കഞ്ചാവ് ബീഡി: 25 എണ്ണം
അതേസമയം , മയക്കുമരുന്ന് സംഭരണത്തെയും വിൽപ്പനയെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ അറിയിക്കാം. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാണ്.
ഹെൽപ്പ് ലൈൻ നമ്പർ: 9497927797
വിവരങ്ങൾ നൽകുന്നവരുടെ പേരും മറ്റ് വിശദാംശങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകുന്നു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ പരിശോധനകൾ നടക്കുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ലഹരി വിൽപ്പനയ്ക്ക് സാധ്യതയുള്ള മറ്റ് ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.