

ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്സ്’ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ മികച്ച മാറ്റങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറയ്ക്കുന്നതിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന അനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പുവരുത്തുന്നതിൽ കേരളം ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്താണ്.
പുതുവർഷ ദിനത്തിൽ ആരംഭിച്ച ‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്സ്’ ക്യാമ്പയിനിലൂടെ ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെയുള്ള വലിയൊരു ഇടപെടലാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായ ആർദ്രം മിഷനിലൂടെ നിലവിൽ നടത്തിവരുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് പ്രധാന കാര്യങ്ങളിൽ ഊന്നിയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
മിക്കവാറും ആളുകൾ വ്യായാമം ചെയ്യാനും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാനും തുടങ്ങുന്ന പുതുവർഷ ദിനത്തിലാണ് ഈ ക്യാമ്പയിനും ആരംഭിക്കുന്നത്. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ എല്ലാവരും ക്യാമ്പയിനിന്റെ ഭാഗമാകണം. സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വ്യായാമ പരിശീലനം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പുകളും നടത്തും.
കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യങ്ങൾ ഒരുക്കും. ഇതിനോടകം ആരംഭിച്ച ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ എന്ന പദ്ധതി വരും കാലങ്ങളിൽ ‘ഒരു വാർഡിൽ ഒരു കളിക്കളം’ എന്ന ലക്ഷ്യത്തിലേക്ക് വ്യാപിപ്പിക്കും. സൈക്ലിങ്, മാലിന്യ നിർമ്മാർജ്ജനം, ലഹരിവിരുദ്ധ പരിപാടികൾ എന്നിവയും ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
ആർദ്രം മിഷനിലൂടെ കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിന് കഴിഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്ക് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചികിത്സാ ചെലവ് കുറയ്ക്കുകയും ചെയ്യും. കൂടാതെ, ലാബുകൾ പരസ്പരം ബന്ധിപ്പിച്ച് ആധുനിക പരിശോധനാ സംവിധാനങ്ങൾ ഉറപ്പാക്കും. പകർച്ചവ്യാധി നിർണ്ണയത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അത്യാധുനിക ലാബ് സൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വൈബ് 4 വെൽനസ്സ്’ ക്യാമ്പയിനിലൂടെ പുതിയതായി പത്ത് ലക്ഷം പേരെ വ്യായാമത്തിലേക്ക് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക എന്നിവയിലൂടെ രോഗമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ അത്ഭുതകരമായ വികസനമാണ് നടപ്പിലായിട്ടുള്ളത്. രാജ്യത്ത് തന്നെ ആദ്യമായി ഒരു ജില്ലാ ആശുപത്രിയായ എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ചരിത്രം കുറിച്ചു. ഹൃദയം മാറ്റിവെച്ച 21 വയസ്സുള്ള പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി, സുഖം പ്രാപിച്ചു വരുന്നത് സംസ്ഥാന ആരോഗ്യ മേഖലയുടെ അഭിമാന നിമിഷമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള (76 വയസ്സിന് മുകളിൽ) ജനങ്ങൾ ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ നേട്ടം നിലനിർത്താനും ഭാവി തലമുറയുടെ ആരോഗ്യം ഉറപ്പാക്കാനുമാണ് ‘വൈബ് ഫോർ വെൽനസ്’ പോലുള്ള പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, എംഎൽഎമാരായ ആന്റണി രാജു, വി കെ പ്രശാന്ത്, മേയർ വി വി രാജേഷ്, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ, കായിക വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് തുടങ്ങിയവർ പങ്കെടുത്തു.