

തിരുവനന്തപുരം: നഗരത്തിലെ ഉള്ളൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരണത്തിന് കീഴടങ്ങി. നെടുമങ്ങാട് സ്വദേശി ഫൈസി ആണ് അന്തരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടസ്ഥലത്ത് വെച്ച് തന്നെ അഴീക്കോട് സ്വദേശി ഫവാസ് മരണപ്പെട്ടിരുന്നു.
ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. അമിതവേഗതയിലെത്തിയ മദ്യപസംഘത്തിന്റെ കാർ യുവാക്കൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഫവാസ് തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫൈസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്.
കാർ ഓടിച്ചിരുന്ന യുവാവിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കാറിനുള്ളിൽ നിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു. സംഭവസമയത്ത് കാറിൽ നാലുപേർ ഉണ്ടായിരുന്നതായാണ് വിവരം. അമിതവേഗതയും മദ്യപിച്ചുള്ള ഡ്രൈവിംഗുമാണ് ദാരുണമായ ഈ അപകടത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.