Description
Digital Voice of Kerala
Tuesday, April 14, 2026

Digital Voice of Kerala
HomeKerala'കേരളമാകെ നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണ്, മാപ്പർഹിക്കാത്ത കുറ്റം': ക്യാമ്പസുകളിലെ ജാതീയതയ്ക്കെതിരെ മുഖ്യമന്ത്രി...

‘കേരളമാകെ നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണ്, മാപ്പർഹിക്കാത്ത കുറ്റം’: ക്യാമ്പസുകളിലെ ജാതീയതയ്ക്കെതിരെ മുഖ്യമന്ത്രി | Nitin Raj

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെ പരാമർശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(The whole of Kerala is with Nitin Raj’s family, Chief Minister against casteism on campuses)

ജാതിവ്യവസ്ഥയ്‌ക്കെതിരെ നിർഭയമായ പോരാട്ടം നയിച്ച ഡോ. ബി.ആർ. അംബേദ്കറുടെ ഇടപെടലുകൾ രാജ്യത്തിന് എക്കാലവും വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ജാതീയത തലപൊക്കുന്നത് അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം കുറിച്ചു. അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം കേരളത്തെ നടുക്കിയ ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമുണ്ട്. പുരോഗമന കേരളത്തിന് ഇത്തരം വാർത്തകൾ ഒട്ടും ഭൂഷണമല്ല. നമ്മുടെ സമൂഹം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്. ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ നിയമം മൂലം അവസാനിപ്പിക്കാൻ ‘രോഹിത് വെമുല ആക്റ്റ്’ നടപ്പിലാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വീണ്ടും ഉന്നയിച്ചു.

ഈ ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പകരമായി കൊണ്ടുവന്ന യു.ജി.സി മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ ജനാധിപത്യ സമൂഹം ഒന്നിച്ച് നിൽക്കണമെന്നും, സമത്വത്തിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ സമൂഹസൃഷ്ടിക്കായി അംബേദ്കറുടെ ആശയങ്ങൾ കരുത്ത് പകരട്ടെ എന്നും പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.