തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യവും കനത്ത ചൂടും തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനിലയുള്ളതിനാൽ ‘യെല്ലോ അലർട്ട്’ തുടരുകയാണ്.(Temperatures are soaring in the state, Summer rains are coming from today as a relief)
പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ വർധനവ് രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച: പത്തനംതിട്ട, ഇടുക്കി, വ്യാഴാഴ്ച: കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും അലർട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചൂട് അതിരൂക്ഷമായി തുടരുകയാണ്. ഡൽഹിയിൽ സീസണിലെ ആദ്യത്തെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന പൊടിക്കാറ്റിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെടുകയും വിമാന സർവീസുകളെ ബാധിക്കുകയും ചെയ്തു. ഡൽഹിയിൽ ഇന്ന് നേരിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഉത്തരേന്ത്യയിൽ മെയ് ഒന്ന് വരെ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്നാണ് പ്രവചനം.

