കൊച്ചി: കാലടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ കുട്ടിയുടെ ആൺസുഹൃത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.(Student’s death in Kalady, Family demands investigation against boyfriend)
അഞ്ജനയെ ഇക്കഴിഞ്ഞ ഇരുപതാം തീയതി രാവിലെയാണ് കാലടി ചെങ്ങൽ റെയിൽവേ മേൽപ്പാലത്തിന് താഴെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഴയിലേക്ക് ചാടി ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് കരുതുന്നത്. മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അമ്മ പറയുന്നു.
അഞ്ജന പുഴയിൽ വീഴുന്ന സമയത്ത് പാലത്തിൽ നിന്ന് ഒരാൾ ഓടിരക്ഷപ്പെടുന്നത് കണ്ടതായി നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് ആൺസുഹൃത്ത് ഒപ്പമുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കണം. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.

