ആത്മീയചിന്തകൻ സാധു ഇട്ടിയവിര അന്തരിച്ചു
Wed, 15 Mar 2023

കോതമംഗലം: ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിര (100) അന്തരിച്ചു. 101-ാം ജന്മദിനത്തിന് രണ്ട് ദിവസം ശേഷിക്കെയാണ് വിയോഗം. കോതമംഗലം ഇരുമലപ്പടി പെരുമാട്ടിക്കുന്നേൽ കുടുംബാംഗമാണ്. ജന്മശതാബ്ദിയോടനുബന്ധിച്ച് സീറോ മലബാർ സഭ ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഭവനത്തിലെത്തി സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു.മലയാളത്തിലും ഇംഗ്ലീഷിലുമായി 150-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ലേഖനങ്ങളെഴുതിയ ഇദ്ദേഹം അര ലക്ഷത്തോളം പ്രസംഗങ്ങളും നടത്തി ശ്രദ്ധേയനായി. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡും അൽബേറിയൻ ഇന്റർനാഷണൽ, ദർശന, ബിഷപ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച നാലിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.