

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ച രാം നാരായണന്റെ കുടുംബവുമായി പാലക്കാട് ആർഡിഒ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി. കൊലപാതക കേസ് അന്വേഷിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കും.
കേസിൽ ആൾക്കൂട്ട കൊലപാതകത്തിനുള്ള പ്രത്യേക വകുപ്പുകൾ (Lynching laws) കൂടി ഉൾപ്പെടുത്തും. ഈ ഉറപ്പുകൾ സംബന്ധിച്ച് ജില്ലാ കളക്ടർ ഉടൻ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കും. ഇതിന് പിന്നാലെ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കും.
കഴിഞ്ഞ ദിവസം വഴിതെറ്റി ജനവാസ മേഖലയിലെത്തിയ രാം നാരായണനെ മോഷ്ടാവാണെന്ന് ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കർശന അന്വേഷണവും ആവശ്യപ്പെട്ടാണ് കുടുംബം പ്രതിഷേധിച്ചിരുന്നത്. രാഷ്ട്രീയ വിവാദങ്ങൾ കൂടി പുകയുന്ന സാഹചര്യത്തിൽ സർക്കാരിന്റെ വേഗത്തിലുള്ള ഇടപെടൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്.