ആലപ്പുഴ: ശമനമില്ലാതെ തുടരുന്ന കാലവർഷക്കെടുതികൾക്കും കനത്ത കടലാക്രമണത്തിനും പിന്നാലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശ ജീവിതം സ്തംഭിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15-ഓളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടൽക്ഷോഭം അതിരൂക്ഷമായതോടെ തീരദേശ റോഡുകളിൽ മണലടിയുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.(Severe Sea Erosion In Arattupuzha Thrikkunnapuzha Coastal Road Blocked By Locals)
തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനിൽ ജലജീവൻ മിഷന്റെ ആവശ്യത്തിനായി റോഡരികിൽ സൂക്ഷിച്ചിരുന്ന വലിയ പൈപ്പുകൾ ശക്തമായ തിരമാലകളിൽ പെട്ട് റോഡിലുടനീളം ചിതറിക്കിടക്കുകയാണ്. മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ തീരദേശ റോഡ് ഉയർന്ന നിലയിലായതിനാൽ കടൽവെള്ളത്തിന് ഒഴുക്കുപോകാതെ കിഴക്കുവശത്തെ വീട്ടുപരിസരങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കടൽഭിത്തി ഇല്ലാത്ത മംഗലം, പത്തിശ്ശേരി മേഖലകളിൽ കടലാക്രമണം രൂക്ഷമായിട്ടും റവന്യൂ ഉദ്യോഗസ്ഥരോ പൊലീസോ സ്ഥലത്തെത്തി നടപടി സ്വീകരിക്കാത്തതിൽ പ്രകോപിതരായി നാട്ടുകാർ പ്രതിഷേധത്തിനിറങ്ങി. മംഗലത്ത് തീരദേശ റോഡിന് കുറുകെ വലകെട്ടി ഗതാഗതം തടഞ്ഞാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. വലിയഴീക്കൽ പാലം വഴി തോട്ടപ്പള്ളിയിലേക്ക് പോകുന്ന ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആറാട്ടുപുഴയിൽ ഗതാഗതം തടസ്സപ്പെട്ടതറിയാതെ എത്തുന്നതോടെ സമാന്തര റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
Story Summary
Severe sea erosion and heavy rains disrupted life in Arattupuzha and Thrikkunnapuzha, uprooting 15 electric poles and scattering water pipes across roads. Frustrated by official inaction, locals blocked the coastal road with fishing nets, causing severe traffic jams as vehicles from the Valiyazheekkal bridge got stranded.


