Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയും പുറത്തേക്കോ ? ഹർജിയിൽ വാദം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയും പുറത്തേക്കോ ? ഹർജിയിൽ വാദം പൂർത്തിയായി, വിധി നാളെ | Sabarimala

🎙️ Latest Podcast

കൊല്ലം: സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകപാളി കേസിന് പിന്നാലെ കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചേക്കും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പ്രതിക്ക് ലഭിക്കുന്ന ‘സ്വാഭാവിക ജാമ്യത്തിന്’ വേണ്ടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ വിധി നാളെ പറയും. ഹർജിയിൽ ഇന്ന് കോടതിയിൽ വാദം പൂർത്തിയായി.(Sabarimala gold theft case, Will Unnikrishnan Potty also be released?)

മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു ഉൾപ്പെടെയുള്ളവരും ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ക്ഷേത്രത്തിലെ പാളികൾ മാറ്റിയിട്ടില്ലെന്ന് വി.എസ്.എസ്.സി പരിശോധനയിൽ വ്യക്തമായതോടെ, ഇനി എത്ര സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുകയാണ് വെല്ലുവിളി.

ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുകയാണ്. മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം നൽകിയ ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കോടതിയുടെ ഈ പരാമർശം സർക്കാരിനും അന്വേഷണ സംഘത്തിനും വലിയ ആശ്വാസമായി.

അന്വേഷണത്തിന്റെ ഓരോ ഘട്ടവും കോടതി നേരിട്ടാണ് വിലയിരുത്തുന്നത്. അതീവ സങ്കീർണ്ണമായ കേസായതിനാൽ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം നൽകണം. കുറ്റപത്രം നൽകാൻ വൈകിയതിലൂടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതിയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്ന് കോടതി ഉറപ്പുനൽകി.

ശബരിമലയിലെ സ്വർണ്ണക്കൊള്ള അസാധാരണമായ ഒരു കേസാണെന്ന് വിലയിരുത്തിയ കോടതി, ഹർജിക്കാർ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമസഭയിൽ പ്രതിപക്ഷം അന്വേഷണം വഴിതെറ്റിയെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി എസ്ഐടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.