Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ജാമ്യം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ജാമ്യം നേടിയാലുടൻ ചോദ്യംചെയ്യാൻ ED, നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ ? | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചതും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്തതും പോറ്റിക്ക് അനുകൂലമായേക്കും.(Sabarimala gold theft case, Verdict on Unnikrishnan Potty’s bail plea today)

ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും സമാനമായ രീതിയിൽ ജാമ്യം ലഭിക്കാനാണ് സാധ്യത. പോറ്റിക്ക് മേൽ പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് ഇന്ന് വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ തൊട്ടുപിന്നാലെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള സമൻസ് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാക്കിക്കഴിഞ്ഞു.

ജാമ്യം നേടി പുറത്തിറങ്ങുന്ന മുറയ്ക്ക് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് അയക്കാനാണ് തീരുമാനം. വിജിലൻസ് കോടതി ഇന്ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം നൽകാൻ സാധ്യതയുള്ള സാഹചര്യത്തിൽ, ജയിലിന് പുറത്തിറങ്ങുന്ന പ്രതിയെ കാത്തിരിക്കുന്നത് കേന്ദ്ര ഏജൻസിയുടെ കർശനമായ ചോദ്യം ചെയ്യലായിരിക്കും. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി റിമാൻഡ് കാലയളവിന്റെ 43-ാം ദിവസം കോടതി എസ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭ ഇന്നും പ്രക്ഷുബ്ധമാകാനാണ് സാധ്യത. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയത് ഭരണപക്ഷം ആയുധമാക്കുമ്പോൾ, അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം മന്ത്രി ഇന്ന് സഭയിൽ വിശദീകരണം നൽകും. ഇന്ന് സഭ പിരിഞ്ഞാൽ പിന്നീട് ഫെബ്രുവരി 23-നായിരിക്കും സമ്മേളനം പുനരാരംഭിക്കുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.