വൈദ്യുതി പ്രതിസന്ധി; അടുത്ത നാല് ദിവസം കെഎസ്ഇബിക്ക് നിർണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ കെഎസ്ഇബിക്ക് അടുത്ത നാല് ദിവസം നിർണായകം. 1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കെ എസ് ഇ ബി ക്ക് ഈ 1200 മെഗാവാട്ട് വൈദ്യുതി കൂടിയേ തീരൂ.

മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മിൽ വലിയ അന്തരമുണ്ട്. ഡാമുകളിൽ ആവശ്യത്തിന് ജലം ലഭിക്കാത്തതിനാൽ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളിലൂടെ ഡിസംബർ വരെ വൈദ്യുതി വാങ്ങാൻ അനുമതി ഉണ്ടെങ്കിലും കമ്പനികൾ വൈദ്യുതി നൽകുന്നില്ല. ഇതോടെയാണ് പുതിയ കരാറുകൾ വഴി വൈദ്യുതി ഉറപ്പാക്കാനുള്ള കെ എസ് ഇ ബിയുടെ നീക്കം . 5 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ടിയുള്ള ടെണ്ടറാണ് ഇന്ന് തുറക്കുക. 200 മെഗാവാട്ടിന്റെ ഹ്രസ്വകാല ടെൻഡർ നാളെയും തുറക്കും. ഒരു മാസത്തേക്ക് 200 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങാൻ പദ്ധതി.