'ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടു, ഭയാനക സാഹചര്യത്തിന് കാരണം അലംഭാവം, ഹൈക്കോടതി ഇടപെടണം': VD സതീശൻ | Sabarimala

അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
The government and the Devaswom Board have failed in Sabarimala, says VD Satheesan
Published on

തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിലും ക്രമീകരണങ്ങളിലെ പാളിച്ചകളിലും സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ നിലനിൽക്കുന്ന 'ഭയാനക സാഹചര്യം' ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.(The government and the Devaswom Board have failed in Sabarimala, says VD Satheesan)

ശബരിമലയിലെ ഭയാനക സാഹചര്യത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. ദർശനം നടത്തിയ പലർക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്.

മാസങ്ങൾക്ക് മുൻപ് തുടങ്ങേണ്ട മുന്നൊരുക്കങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന പെരുമാറ്റച്ചട്ടം തടസ്സമായെന്ന സർക്കാർ വാദം അപഹാസ്യമാണ്. തിരക്ക് നിയന്ത്രിക്കാൻ ഒരു സംവിധാനവും ഒരുക്കാത്തതിനാൽ ദർശനം കഴിഞ്ഞവർക്ക് നടപ്പന്തൽ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തർക്ക് കുടിവെള്ളം നൽകാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

ദേവസ്വം പ്രസിഡൻ്റ് പോലും ശബരിമലയിൽ 'ഭയാനകമായ അവസ്ഥ'യെന്നാണ് പ്രതികരിച്ചത്. പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ക്യൂ നിന്നാണ് പലരും ദർശനം നടത്തുന്നത്. തീർത്ഥാടനം പൂർത്തിയാക്കാതെയും നിരവധി പേർ മടങ്ങി. ശബരിമലയിലെ സ്വർണം കൊള്ളയടിച്ചതിനു പിന്നാലെ തീർത്ഥാടന കാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കി.

ആവശ്യത്തിന് പോലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് ദേവസ്വവും സർക്കാരും പെരുമാറിയത്. സ്വർണക്കൊള്ളയിൽ പ്രതികളാകേണ്ട പി.എസ്. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള മുൻ ദേവസ്വം ബോർഡിനും ഈ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാരും ദേവസ്വം മന്ത്രിയും തയ്യാറാകണം. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com