കൊച്ചി: പ്രമുഖ ചലച്ചിത്ര നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലാണ് നടി ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. ചടങ്ങിൽ വെച്ച് ബി.ജെ.പി. നേതാവ് എ.എൻ. രാധാകൃഷ്ണൻ ഷാൾ അണിയിച്ച് ഊർമിള ഉണ്ണിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാറും സന്നിഹിതനായിരുന്നു.(Was a fan of Modi, Actress Urmila Unni joins BJP)
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്ന് ഊർമിള ഉണ്ണി പ്രതികരിച്ചു. "ആദ്യം മുതലേ മനസ്സുകൊണ്ട് ബി.ജെ.പി.യായിരുന്നു. എന്നാൽ ഇപ്പോഴാണ് പ്രവർത്തന രംഗത്ത് സജീവമാകാൻ തീരുമാനിച്ചത്," എന്നും അവർ പറഞ്ഞു.
നൃത്തം, സീരിയൽ, സിനിമ എന്നീ രംഗങ്ങളിൽ സജീവമാണ് ഊർമിള ഉണ്ണി. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായ ഊർമിള ഉണ്ണിയുടെ ബി.ജെ.പി. പ്രവേശനമെന്നതും ശ്രദ്ധേയമാണ്.