പ്ലസ് ടു പുനർമൂല്യനിർണയ അപേക്ഷ 31 വരെ
May 25, 2023, 20:03 IST

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി വാർഷിക പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി 31 വരെ അപേക്ഷിക്കാം. ഇരട്ടമൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയമോ സൂക്ഷ്മ പരിശോധയോ ഉണ്ടായിരിക്കില്ല. ഇവയുടെ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം. സ്കൂളുകളിൽ ലഭിച്ച അപേക്ഷകളും ഫീസ് അടച്ച രേഖകളും പ്രിൻസിപ്പൽമാർ മുഖേന അപ്ലോഡ് ചെയ്യണം. അപേക്ഷ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. സ്കൂളുകളിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോം അതാത് സ്കൂളുകളിൽ നിന്ന് ലഭിക്കും ഒരു പേപ്പർ പുനർ മൂല്യനിർണയം നടത്താൻ 500 രൂപയാണ് ഫീസ്, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയും ഫീസ് നൽകണം. പുനർമൂല്യനിർണയ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഉള്ള അപേക്ഷ http://www.vhsems.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് 31ന് വൈകുന്നേരം നാലിനകം സമർപ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോം മതി.
