

2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളർച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. നാലര പതിറ്റാണ്ടുകളായി 420-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു
മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു. നടി പായൽ കപാടിയക്ക് പകരം അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകൻ അമൽ നീരദിന് പകരം ജ്യോതിർമയിയും ദർശന രാജേന്ദ്രനു പകരം നീരജ രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു.
ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ വിവരങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിലിന് നൽകി നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോ.റസൂൽ പുക്കുട്ടി ആമുഖപ്രഭാഷണം നടത്തി. ജൂറി ചെയർപേഴ്സണും നടനുമായ പ്രകാശ് രാജ് ചലച്ചിത്രവിഭാഗം ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു.
പുരസ്‌കാര സമർപ്പണച്ചടങ്ങിനുശേഷം മികച്ച പിന്നണിഗായകർക്കുള്ള പുരസ്‌കാരജേതാക്കളായ കെ.എസ്. ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീതപരിപാടി നടന്നു.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് വി. പ്രിയദർശിനി, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ മധു ഇറവങ്കര, കെ.എസ്.എഫ്.ഡി.സി ചെയർപേഴ്സൺ കെ. മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.