

കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് 16 വയസ്സുകാരനെ കൂട്ടുകാർ ചേർന്ന് മർദിച്ചവശനാക്കി. കൽപ്പറ്റ മെസ് ഹൗസ് റോഡിലാണ് സംഭവം. മർദനത്തിന് ശേഷം കുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
17 വയസ്സുള്ള രണ്ട് കുട്ടികളാണ് മർദനത്തിന് നേതൃത്വം നൽകിയത്. മർദനം നിർത്താൻ കൂടെയുള്ള മറ്റൊരു കുട്ടി ആവശ്യപ്പെട്ടിട്ടും അക്രമികൾ പിന്മാറിയില്ല. കുട്ടിയെ ക്രൂരമായി തൊഴിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളാണ് പകർത്തിയത്.
മർദനമേറ്റ വിവരം കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട കൽപ്പറ്റ പോലീസ് കുട്ടിയുടെ രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് മർദനത്തിന് നേതൃത്വം നൽകിയ ഒരു കുട്ടിയെ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കും കൗൺസിലിംഗിനുമായി കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുൻപാകെ ഹാജരാക്കി. രണ്ടാമത്തെ ആൾക്കായി അന്വേഷണം തുടരുകയാണ്. കൗമാരക്കാർക്കിടയിലെ ഇത്തരം അക്രമാസക്തമായ സ്വഭാവം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.