

കോഴിക്കോട്: ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കാത്തതിലും ആനുകൂല്യങ്ങൾ നീട്ടിവയ്ക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27-ന് ഒപി ബഹിഷ്‌കരിച്ചുകൊണ്ട് സൂചന സമരം നടത്തുമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (KGMCTA) അറിയിച്ചു.
സമരത്തിന്റെ ഘട്ടങ്ങൾ:
ജനുവരി 27: സൂചന സമരം. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.
ഫെബ്രുവരി 2 മുതൽ: അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും ഒപി ബഹിഷ്‌കരണവും ആരംഭിക്കും.
ഫെബ്രുവരി 9 മുതൽ: അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കും.
ഫെബ്രുവരി 11 മുതൽ: സർവകലാശാല പരീക്ഷാ ജോലികൾ കൂടി ബഹിഷ്‌കരിക്കും.
അവശ്യ സേവനങ്ങളെ ഒഴിവാക്കി
സമരം നടക്കുമ്പോഴും രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അവശ്യ സേവനങ്ങളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവ തടസ്സമില്ലാതെ നടക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി വ്യക്തമാക്കി.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ അനുവദിക്കണമെന്നാണ് ഡോക്ടർമാരുടെ പ്രധാന ആവശ്യം. സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.