

പന്തളം: വിവാഹച്ചടങ്ങിനിടെ വാഹന പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. പന്തളം ജങ്ഷനിലെ ശിവ രഞ്ജിനി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തിൽ മുസ്ലിം ലീഗ് തൊഴിലാളി സംഘടനയായ എസ്.ടി.യു (STU) ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് മൻസൂർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
കൊല്ലം ഇടമൺ സ്വദേശിയായ വരനൊപ്പം പത്തനാപുരത്തുനിന്നും എത്തിയ സംഘം വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിന് സമീപമുള്ള കടക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. സമീപത്തെ കടയുടെ പാർക്കിങ് ഏരിയയിൽ വാഹനം പ്രവേശിപ്പിക്കാതിരുന്നതിനെത്തുടർന്ന് സംഘം വഴിയിൽ വാഹനം ഉപേക്ഷിച്ചു. ഇത് ചോദ്യം ചെയ്ത പന്തളം കടക്കാട് സ്വദേശി മുഹമ്മദ് മൻസൂർ (52), ഭാര്യ റംലാബീഗം എന്നിവരെ പത്തനാപുരം സംഘത്തിലുണ്ടായിരുന്ന ബിൻഹാൻ, നിജാസ് എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നു.
മർദനമേറ്റ വിവരം അറിഞ്ഞ് നാട്ടുകാർ കൂടി എത്തിയതോടെ ഓഡിറ്റോറിയം യുദ്ധക്കളമായി മാറി. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ സ്ത്രീകൾക്കും പരിക്കേറ്റു. പത്തനാപുരത്തുനിന്നെത്തിയ സംഘം മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് മൻസൂറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
വിവാഹ വീട്ടുകാരും നാട്ടുകാരും തമ്മിലുള്ള തർക്കം ഒഴിവാക്കാൻ പോലീസ് ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിസംഘത്തിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.