പാലക്കാട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതി രൂക്ഷമായതോടെ മലമ്പുഴയും നെല്ലിയാമ്പതിയും ഉൾപ്പെടെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.(Palakkad Heavy Rains House Collapses Tourist Spots Closed Dam Shutters Opened)
പാലക്കാട് പുതുപ്പള്ളി തെരുവിൽ ശക്തമായ മഴയിൽ ഒരു വീട് പൂർണ്ണമായും തകർന്നു വീണു. അപകടസമയത്ത് ഉള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ സമയോചിതമായി പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു. ആര്യമ്പാവിൽ വീടിന്റെ 20 അടി നീളമുള്ള മതിൽ തകർന്നുവീണു. അമ്പലപ്പാറ മേലൂരിൽ ജലസംഭരണിയുടെ സംരക്ഷണ ഭിത്തി തകർന്നു. അറവക്കാട് മൂന്ന് വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
മണ്ണാർക്കാട് കണ്ണംകുണ്ട് ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. അരകുർശി തോട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്തെ റോഡ് ഗതാഗതം നിലച്ചു. ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിലും വരോട് മരപ്പാലം അത്താണി പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. പത്തൊമ്പതാം മൈലിൽ അലി അസ്കർ എന്നയാളുടെ വീടിനുള്ളിൽ വെള്ളം കയറി.
മലയോര മേഖലയിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകൾ 5 സെന്റീമീറ്റർ വീതം തുറന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകൾ ഉയർത്തി വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നു. മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
Story Summary
Continuous heavy rain in Palakkad for three days collapsed a house in Puduppalli Theruvu and damaged public infrastructure. All tourist spots including Malampuzha and Nelliyampathy were closed, and shutters of Mangalam Dam and Velliangallu regulator were raised.


