കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ വിപ്പ് തള്ളി ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ, പാലാ നഗരസഭയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി നഷ്ടമായി. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാരും ഒരു സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസായത്.(Pala Municipality Chairperson Diya Binu Loses Post As Congress Members Defy Whip)
26 കൗൺസിലർമാരുള്ള പാലാ നഗരസഭയിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ 17 അംഗങ്ങളാണ് ഹാജരായത്. ഇവർ 17 പേരും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എൽ.ഡി.എഫിന്റെ 12 പ്രതിപക്ഷ അംഗങ്ങൾക്ക് പുറമെ, വിപ്പ് ലംഘിച്ചെത്തിയ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നീ 4 കോൺഗ്രസ് പ്രതിനിധികളും വൈസ് ചെയർപേഴ്‌സൺ മായാ രാഹുലുമാണ് പ്രമേയത്തെ പിന്തുണച്ചത്.
പാർട്ടി ജില്ലാ കമ്മിറ്റി നൽകിയ നിർദേശവും വിപ്പും മറികടന്നാണ് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തത്. എന്നാൽ വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നും പ്രാദേശികമായ കോൺഗ്രസിന്റെ വികാരം നേതൃത്വം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ പ്രതികരിച്ചു. ദിയാ ബിനുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കൂട്ടായ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് നഗരസഭയിൽ ഭരണപ്രതിസന്ധി ഉടലെടുത്തതും ഒടുവിൽ ഇടത് പ്രക്ഷോഭത്തിലൂടെ ഭരണം താഴെവീണതും.
Story Summary
The no-confidence motion moved by the LDF against Pala Municipality Chairperson Diya Binu Pulikkakandam was passed after four Congress councillors and an independent member defied the party whip to vote alongside the opposition. Consequently, Diya Binu lost her chairperson post, creating political shifts in the municipality.


