തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi vijayan). ദുരിതമനുഭവിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന ജനോപകാരപ്രദമായ സന്നദ്ധ പ്രവർത്തനം നിരോധിക്കുന്നതിലൂടെ യുഡിഎഫ് സർക്കാരും ആരോഗ്യമന്ത്രിയും എന്ത് നേട്ടമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ വൈരമല്ല, മറിച്ച് ജനക്ഷേമമാണ് സർക്കാരിനെ നയിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന ഒരു ബൃഹത് പദ്ധതിയാണിത്. കൃത്യമായ ബദൽ സംവിധാനങ്ങൾ പോലും ഒരുക്കാതെ, ഇത്ര തിരക്കുപിടിച്ച് ഇത് നിരോധിക്കുന്നതിന് പിന്നിൽ സങ്കുചിത രാഷ്ട്രീയമാണെന്ന് പിണറായി വിജയൻ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി. വിശക്കുന്നവന് ആഹാരം നൽകുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിനുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പകർച്ചവ്യാധികൾ പിടിപെട്ട് 150 ഓളം പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ഷിഗല്ല വ്യാപനം മുൻകാലത്തേക്കാൾ പത്തിരട്ടിയായി വർദ്ധിച്ചു. ഗുരുതരമായ ചികിത്സാപ്പിഴവുകളും മരുന്ന് ക്ഷാമവും ആശുപത്രികളെ ഉലയ്ക്കുമ്പോഴും ഡോക്ടർമാരുടെ നിയമനം അനന്തമായി നീളുകയാണ്. ഈ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം, മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Story Summary: Opposition Leader Pinarayi Vijayan has strongly criticized the UDF government’s move to ban the DYFI’s ‘Hridayapoorvam’ food packet distribution in government hospitals. He accused the Health Minister of playing narrow politics while ignoring major health crises like medicine shortages and rising infectious disease casualties in the state.


