ബീജിങ്: തെക്കൻ ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിദുരന്തങ്ങളിൽ വ്യാപക നാശനഷ്ടം (China landslide). തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാൻ മുതൽ കിഴക്കൻ തീരത്തെ യാങ്‌സി നദീതടം വരെയുള്ള വിശാലമായ മേഖലകളിൽ കാലാവസ്ഥാ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചോങ്കിങ് നഗരത്തിന് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ എട്ട് പേർ മരണപ്പെടുകയും 34 പേരെ കാണാതാകുകയും ചെയ്തു. ദുരന്തബാധിത മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്.
മഴ കടുത്തതോടെ ഗതാഗത സംവിധാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സ്തംഭിച്ച നിലയിലാണ്. ഷാങ്ഹായ്-കുൻമിങ് റെയിൽവേ പാതയിലൂടെയുള്ള നിരവധി യാത്രാ ട്രെയിൻ സർവീസുകൾ റെയിൽവെ അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. യുനാൻ പ്രവിശ്യയിലെ പ്രശസ്തമായ ടൈഗർ ലീപ്പിങ് ജോർജ് മലയിടുക്ക് ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷ മുൻനിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ചൈനയിൽ വൻ നാശം വിതച്ച മെയ്‌സാക് ചുഴലിക്കാറ്റിന് പിന്നാലെയാണ് ഗുവാങ്ഷി മേഖലയിൽ വീണ്ടും മഴ കടുക്കുന്നത്.
കിഴക്കൻ ഗുവാങ്ഷിയിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ 300 മുതൽ 450 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ചൈനീസ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത് ഈ മേഖലയിൽ ആകെ ലഭിക്കേണ്ട വാർഷിക മഴയുടെ മുപ്പത് ശതമാനത്തോളമാണ്. വരും ദിവസങ്ങളിൽ കനത്ത പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Story Summary: Heavy rains and deadly landslides have caused massive destruction in Southern China, leaving eight people dead and 34 missing near Chongqing city. Severe weather warnings have been issued from Yunnan to the Yangtze river basin, disrupting train services and shutting major tourist attractions.


