തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ നടപടിയിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് എൻ.ടി.പി നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ തള്ളിക്കളയുന്നില്ലെന്നും, എന്നാൽ അവധി തീരുമാനങ്ങളിൽ സർക്കാർ പുലർത്തുന്ന വിവേചനവും മാനദണ്ഡങ്ങളിലെ അസ്ഥിരതയുമാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(NTU Leader Questions Kerala Government World Cup School Holiday Criteria)
മൂലം വള്ളംകളിക്ക് പ്രാദേശിക അവധി ചോദിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ സംഭാഷണം ‘ചതിക്കാത്ത മൈക്കിലൂടെ’ പുറത്തുവന്ന ചരിത്രം കേരളത്തിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സ്വന്തം ടീം ക്രിക്കറ്റ് ഏകദിന ലോകകപ്പോ 20-20 ലോകകപ്പോ നേടിയപ്പോൾ പോലും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് അവധി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
എന്നാൽ ഇന്ത്യ പോലും പങ്കെടുക്കാത്ത ഒരു വിദേശ ഫുട്ബോൾ മത്സരത്തിന് വേണ്ടി സംസ്ഥാനമൊട്ടാകെ അവധി പ്രഖ്യാപിച്ചതിന്റെ യുക്തി എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. കനത്ത മഴ, അതിശക്തമായ ചൂട്, പരീക്ഷാ തീയതികൾ, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ മുൻനിർത്തി പലതവണ അവശ്യ ഘട്ടങ്ങളിൽ അവധി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന സർക്കാർ നിലപാടുകളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ചില ജില്ലകളിൽ ഫുട്ബോൾ ആവേശം കൂടുതലാണെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അതിന്റെ പേരിൽ സംസ്ഥാനത്തുടനീളം ഒരേ മാനദണ്ഡം നടപ്പാക്കുന്നത് നീതിയുക്തമല്ല.
ഫൈനൽ കളിച്ച സ്പെയിനിലോ അർജന്റീനയിലോ പോലും ഇത്തരത്തിൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. പൊതുഭരണത്തിൽ തീരുമാനങ്ങൾ സ്ഥിരതയുള്ളതും ജനാധിപത്യപരവുമായിരിക്കണമെന്നും, ഒരു വിഷയത്തിൽ ഒരു മാനദണ്ഡവും മറ്റൊന്നിന് വേറൊരു സമീപനവും സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അനൂപ് കുമാർ വ്യക്തമാക്കി. ഇത് ഫുട്ബോളിനെതിരായ നിലപാടല്ല, മറിച്ച് സർക്കാർ തീരുമാനങ്ങളിലെ സുതാര്യതയ്ക്ക് വേണ്ടിയുള്ള ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
National Teachers Union leader Anoop Kumar Thekkedath has questioned the Kerala government’s decision to declare a school holiday for the Football World Cup final, citing a lack of consistent criteria. He pointed out that no holidays were given when India won Cricket World Cups, nor are safety-related holidays easily granted, making a blanket state-wide holiday for a match not involving India highly contradictory.


