തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദ് ക്രൂരമർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം രണ്ടാനച്ഛന്റെ ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നു (Nedumangad Toddler Death Case). പനവൂർ നെല്ലിക്കുന്നിലെ വാടകവീട്ടിൽ കുഞ്ഞിന്റെ അമ്മ അഖിലയ്ക്കും രണ്ടാനച്ഛൻ അഷ്കറിനുമൊപ്പം താമസിച്ചിരുന്ന അഷ്കറിന്റെ അമ്മ, സഹോദരി എന്നിവരെ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കുട്ടിയുടെ മരണത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചതിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തിര നീക്കം. കുഞ്ഞ് മരിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും ചേർന്ന് വീട് പൂർണ്ണമായും കഴുകി വൃത്തിയാക്കുകയും ചില നിർണ്ണായക സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്ത ശേഷമാണ് ഇവിടെ നിന്നും കടന്നുകളഞ്ഞതെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുഞ്ഞിനെ രണ്ടാനച്ഛനായ അഷ്കർ നിരന്തരമായി ക്രൂരമായി മർദ്ദിച്ചിരുന്ന വിവരം ഒപ്പമുണ്ടായിരുന്ന അഷ്കറിന്റെ അമ്മയ്ക്കും സഹോദരിക്കും കൃത്യമായി അറിയാമായിരുന്നിട്ടും ഇവർ ഇത് മറച്ചുവെക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അഷ്കർ മുൻപ് നടത്തിയ വിവാഹങ്ങളിലും ഈ രണ്ടുപേർക്കും സജീവ പങ്കുണ്ടായിരുന്നു. അഷ്കറിന്റെ ആദ്യ ഭാര്യയായ ആമിനയെ മൃഗീയമായി മർദ്ദിക്കുന്നതിനും പീഡിപ്പിക്കുന്നതിനും ഇവർ പൂർണ്ണ പിന്തുണ നൽകിയിരുന്നതായും ഇപ്പോൾ നാട്ടുകാർക്കിടയിൽ നിന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘവും ഉടൻ തന്നെ ഈ വാടകവീട്ടിൽ പരിശോധന നടത്തും.
Summary: The police investigation into the tragic death of a one-and-a-half-year-old boy in Nedumangad has extended to the relatives of his stepfather, Ashkar. Local residents alleged that Ashkar’s mother and sister destroyed crucial evidence by cleaning the house and burning some materials after the child’s death. Authorities are tracing the missing relatives, who reportedly had prior knowledge of the continuous domestic abuse faced by the child.

