തൃശൂർ: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെയുണ്ടായ ഈ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ പൂരം വെടിക്കെട്ടില്ലാതെ നടത്തുന്നതിനെക്കുറിച്ച് ദേവസ്വങ്ങൾ ഗൗരവമായി ആലോചിക്കുന്നു.(Mundathikode blast, Thrissur Pooram planned to be held without fireworks)
വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കണമെന്ന നിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് അംഗീകരിക്കാനാണ് ദേവസ്വങ്ങളുടെ നീക്കം. ഇക്കാര്യത്തിൽ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ തമ്മിൽ വിശദമായ കൂടിയാലോചനകൾ നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. നിലവിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും പരിക്കേറ്റവർക്ക് സഹായമെത്തിക്കുന്നതിനുമാണ് മുൻഗണനയെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തിൽ മരിച്ച 13 പേരിൽ 9 പേരെ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി 3 കെഡാവർ നായകളെ സ്ഥലത്തെത്തിച്ചു. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കാൻ പ്രത്യേക ഡോഗ് സ്ക്വാഡും എത്തും. തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിയാൻ രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം തൃശൂരിലെത്തി. നിലവിൽ 5 മൃതദേഹങ്ങളുടെയും 11 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ബാക്കിയുള്ള 15 ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രികളിലുമായി ചികിത്സയിലാണ്. 10 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം തൃശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തിൽപ്പെട്ടവർക്കുള്ള ധനസഹായം ഇന്നത്തെ കാബിനറ്റ് യോഗം തീരുമാനിക്കും.

