അതിഥി തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; പ്രതി പിടിയിൽ
![അതിഥി തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; പ്രതി പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/66e0d095606e35855b1cfc4998a3ef90.webp)
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ എത്തി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്ന പ്രതി പിടിയില്‍. കുന്ദമംഗലം പെരിങ്ങൊളം പ്രഭാ നിവാസില്‍ ദിതോഷി (49) ആണ് പിടിയിലായത്. രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികള്‍ ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട ഫോണുകള്‍ ജനല്‍ വഴി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
വെള്ളിയാഴ്ച എരഞ്ഞിപ്പാലം സെന്റ് വിന്‍സന്റ് കോളനിയില്‍ താമസിക്കുന്ന ത്രിപുര സ്വദേശിയുടെ 10,000 രൂപ വില വരുന്ന ഫോൺ കാണാതായതിനെ തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റുചെയ്തത്. ചോദ്യംചെയ്യലിനിടെ ഇയാളുടെപക്കൽ നിന്ന് 16,000 രൂപ വിലവരുന്ന മറ്റൊരു ഫോണും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.