

കൊച്ചി: ഗർഭിണിയായ ഷൈമോളിനെ പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് മർദിച്ച സംഭവത്തിൽ തന്റെ ഭാഗം വിശദീകരിച്ച് സിഐ പ്രതാപചന്ദ്രൻ. സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ യുവതി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അത് നിയന്ത്രിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് ഉദ്യോഗസ്ഥൻ പറയുന്നത്.
കൈക്കുഞ്ഞുങ്ങളുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. അവിടെ വെച്ച് അവർ അക്രമാസക്തയാവുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു, കയ്യിലുണ്ടായിരുന്ന കുഞ്ഞുങ്ങളെ യുവതി നിലത്തെറിയാൻ ശ്രമിച്ചുവെന്നും വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ കയ്യേറ്റം ചെയ്തുവെന്നും പ്രതാപചന്ദ്രൻ ആരോപിക്കുന്നു.
സ്റ്റേഷനിലെ അക്രമം തടയുന്നതിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. സിഐ വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും, പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥൻ യുവതിയെ നെഞ്ചത്ത് അടിക്കുന്നതും തള്ളുന്നതും വ്യക്തമായി കാണാം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനെതിരെ ഡിജിപി തലത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
കരഞ്ഞു നിലവിളിച്ചിട്ടും അവർ വിട്ടില്ല, നെഞ്ചത്ത് അടിച്ചു വീഴ്ത്തി"; നിയമപോരാട്ടത്തിലൂടെ നീതി തേടി ഷൈമോൾ | CI Prathapachandran
പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ക്രൂരമായ മർദനത്തിന്റെ നടുക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ഷൈമോൾ എൻ.ജെ. ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഇടപെടലിലൂടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പോലീസിന്റെ കള്ളക്കഥകൾ പൊളിഞ്ഞതും സത്യം പുറംലോകമറിഞ്ഞതും.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ
പോലീസ് രണ്ടുപേരെ മർദിക്കുന്നത് ഷൈമോളിന്റെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് മക്കളുമായി സ്റ്റേഷനിലെത്തിയ ഷൈമോൾ കണ്ടത് ഭർത്താവിനെ പോലീസ് ക്രൂരമായി മർദിക്കുന്നതാണ്. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് സിഐ പ്രതാപചന്ദ്രൻ ഷൈമോളിന് നേരെ തിരിഞ്ഞത്.
"ഉപദ്രവിക്കരുതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു നിലവിളിച്ചു. അപ്പോൾ ഉദ്യോഗസ്ഥൻ എന്റെ നെഞ്ചത്ത് പിടിച്ചു തള്ളി, മുഖത്തടിച്ചു. ഭർത്താവിന്റെ തലയ്ക്കും അടിച്ചു," ഷൈമോൾ പറഞ്ഞു. അന്ന് താൻ ഗർഭിണിയായിരുന്നു എന്ന പരിഗണന പോലും ഉദ്യോഗസ്ഥൻ കാണിച്ചില്ലെന്നും ഷൈമോൾ ഓർക്കുന്നു.
പോലീസിന്റെ കള്ളക്കേസ്
മർദനത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടിയ ഷൈമോളിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തുകയാണ് ചെയ്തത്. സ്റ്റേഷൻ ആക്രമിച്ചു എന്നും പോലീസ് ഉദ്യോഗസ്ഥനെ മാന്തി പരിക്കേൽപ്പിച്ചു എന്നുമായിരുന്നു ആരോപണം. ഈ കള്ളക്കേസിൽ നിന്ന് രക്ഷപ്പെടാനും സത്യം തെളിയിക്കാനുമാണ് ഷൈമോൾ സിസിടിവി ദൃശ്യങ്ങൾക്കായി ഹൈക്കോടതിയെ സമീപിച്ചത്.
സത്യം തെളിയിച്ച സിസിടിവി
പോലീസ് ദൃശ്യങ്ങൾ നൽകാൻ വിസമ്മതിച്ചെങ്കിലും കോടതി ഇടപെടലിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷൈമോളിന്റെ വാദങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. മർദനത്തിന് ശേഷം മറ്റ് പോലീസുകാർ ചേർന്ന് പ്രതാപചന്ദ്രനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തര നടപടികൾക്ക് പോലീസ് ആസ്ഥാനം ഒരുങ്ങുകയാണ്.