

കൊച്ചി/ആലുവ: ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ സ്വദേശി അനീഷ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര സ്വദേശി മുഹമ്മദ് റാഫി (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള യുവാക്കളെ പ്രതികൾ തടഞ്ഞുനിർത്തുകയും ക്രൂരമായി മർദിച്ച ശേഷം അവരുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഫോർട്ട് കൊച്ചി സ്വദേശിയായ ലിയോൺ എന്ന യുവാവിന് മാരകമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ദീർഘകാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പിടിയിലായ അനീഷ് ബാബുവും മുഹമ്മദ് റാഫിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.
ആലുവ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.