മുതലമടയിൽ മാങ്ങ സീസണ് തുടക്കമായി
Nov 21, 2023, 11:19 IST

പാലക്കാട്: കേരളത്തിന്റെ മാംഗോ സിറ്റിയായ മുതലമടയിൽ മാങ്ങ സീസണ് തുടക്കമായി. ഈ വർഷം കൃത്യസമയത്ത് തന്നെ മാവുകൾ പൂത്തതിന്റെ പ്രതീക്ഷയിലാണ് കർഷകർ. നവംബർ ആദ്യം മുതൽ മേയ് അവസാനം വരെയാണ് പ്രധാന സീസൺ. രാജ്യത്ത് ആദ്യം മാവു പൂക്കുന്ന പ്രദേശമാണിതെന്നാണ് പറയപ്പെടുന്നത്. വ്യത്യസ്തതരം മാങ്ങകൾ ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ഇവിടെ നിന്ന് കയറ്റിവിടുന്നു. കഴിഞ്ഞ മൂന്നുവർഷമായി മാങ്ങ കർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡാനന്തരമുള്ള വിപണി തകർച്ച, കാലാവസ്ഥ വ്യതിയാനം, കീടശല്യം, തേനടി, ഉല്പാദനക്കുറവ് തുടങ്ങിയ കാര്യങ്ങൾ ഏറെ പ്രതികൂലമായി ബാധിച്ചു. ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് അശാസ്ത്രീയമായി മരുന്ന് തളിച്ചതും വിനയായി. 150ലധികം മാങ്ങ സംഭരണ കേന്ദ്രങ്ങളാണ് മുതലമടയിലുള്ളത്.