കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ഐ.ജി.ബി.ടിയിൽ തന്നെ
May 24, 2023, 12:20 IST

മഞ്ചേരി: കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അവിടെ തന്നെ പ്രവർത്തിപ്പിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാൻഡിൽ ഓഫിസ് പ്രവർത്തിപ്പിക്കാൻ സ്ഥലസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ല ക്ലസ്റ്റർ ഓഫിസർ നഗരസഭക്ക് കത്ത് നൽകിയിരുന്നു. നേരത്തെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ കേന്ദ്രീകരിച്ച് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും 2017 സെപ്റ്റംബർ മൂന്നിന് അടച്ചുപൂട്ടുകയായിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പുനരാരംഭിക്കണമെന്ന് ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിലും ആവശ്യപ്പെട്ടിരുന്നു.
സീതിഹാജി സ്റ്റാൻഡിൽ തന്നെ ഒട്ടേറെ ബസുകൾ കയറി ഇറങ്ങുന്നതിനാൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, കച്ചേരിപ്പടി സ്റ്റാഡിൽ കെ.എസ്.ആർ.ടി.സിക്കായി ട്രാക്കുകളും നേരത്തെയുള്ള ഓഫിസ് റൂം നിലവിലുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തി ഓഫിസ് തുറക്കണമെന്നാണ് നഗരസഭയുടെ നിലപാട്.
