രണ്ട് പുതിയ ഹൈ ത്രിൽ റൈഡുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ്. 10.5 കോടി രൂപയിലധികം മുതൽമുടക്കോടെ ഫ്രീസ്റ്റൈലർ, ഡ്രോപ്പ് ലൂപ്പ് എന്നീ രണ്ട് ഹൈ ത്രിൽ റൈഡുകളാണ് കൊച്ചി വണ്ടർലായിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ വിനോദമേഖലയെ പുനർനിർവചിച്ചതിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നവീനവും സുരക്ഷിതവും അവിസ്മരണീയവുമായ വിനോദാനുഭവങ്ങൾ പാർക്കിൽ ഒരുക്കിയിരിക്കുന്നത്. (Wonderla)
എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്, നടൻ ശ്യാം മോഹൻ എന്നിവർ ലോഞ്ചിൽ പങ്കെടുത്തു. വണ്ടർലായുടെ എക്‌സിക്യൂട്ടീവ് ചെയർമാനും എംഡിയുമായ അരുൺ കെ ചിറ്റിലപ്പിള്ളി, സിഒഒ ധീരൻ ചൗധരി, വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിൻ്റെ കൊച്ചി പാർക്ക് ഹെഡ് നിതീഷ് കെ.യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്ലോബൽ റൈഡ് നിർമാതാക്കളുടെയും വണ്ടർലയുടെ ഇൻ-ഹൗസ് സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ ഇൻസ്റ്റലേഷനും എൻജിനീയറിങ്ങും നിർവഹിച്ച ഈ പുതിയ റൈഡുകൾ ലോകോത്തര ത്രിൽ അനുഭവങ്ങളോടുള്ള വണ്ടർലായുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
സർഫിങ് അനുഭവം നൽകുന്ന ഫ്രീസ്റ്റൈലർ
സാഹസികത ഏറെ ഇഷ്ടമുള്ളവർക്ക് ഏറെയിഷ്ടപ്പെടുന്ന റൈഡാണ് ഫ്രീസ്റ്റൈലർ. ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള എയർ സർഫിങ് അനുഭവമാണ് ഇത് പ്രദാനം ചെയ്യുന്നത്. സീറോ-ഗ്രാവിറ്റി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കിത് ഏറെയിഷ്ടപ്പെടും. 17 മീറ്റർ ഉയരമുള്ള ഈ ഹൈ-ത്രിൽ ലാൻഡ് റൈഡ് 24 പേർക്ക് സഞ്ചരിക്കാവുന്നതാണ്. വേഗത്തിലുള്ള സ്വിംഗുകൾ, ദ്രുതഗതിയിലുള്ള ഭ്രമണങ്ങൾ, ആവേശ്വോജ്വലമായ എയർടൈം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ആകാശത്തിലൂടെ സർഫിംഗ് ചെയ്യുന്നതിന്റെ അനുഭൂതി ലഭിക്കുന്നതാണ് ഈ റൈഡ്.
ത്രസിപ്പിക്കും ഡ്രോപ്പ് ലൂപ്പ് വാട്ടർ സ്ലൈഡ്
ഇൻസ്റ്റഗ്രാം റീലിൽ ഡ്രോപ് ലൂപ് കണ്ട് ഒരിക്കലെങ്കിലും അത് പരീക്ഷിക്കണമെന്ന് ആഗ്രഹം തോന്നുവർക്കായി ഡ്രോപ്പ് ലൂപ്പ് വാട്ടർ സ്ലൈഡ് ആണ് വണ്ടലാ ഒരുക്കിയിരിക്കുന്നത്. നിൽക്കുന്ന നിൽപ്പിൽ ഒരു മുന്നറിയിപ്പുമില്ലാതെ താഴേക്ക് പതിക്കുന്നതിന്റെ നാടകീയാനുഭം ഇവിടെ ആസ്വദിക്കാം. പൂർണ്ണമായി 360° ലൂപ്പിലേക്ക് കുത്തനെ വീഴുന്ന ഒരു ഡ്രോപ്പ് ലൂപ്പ് ആണ് വണ്ടർലായിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ട്രാപ്പ്-ഡോർ ലോഞ്ചിലൂടെ ഡ്രോപ്പ് ലൂപ്പ് വാട്ടർ സ്ലൈഡ് ആസ്വദിക്കാം. റൈഡർമാർ ഒരു ട്രാൻസ്പേരന്റായ കാപ്സ്യൂളിനുള്ളിൽ നിൽക്കുമ്പോൾ മുന്നറിയിപ്പില്ലാതെ, അവർ നിൽക്കുന്ന ഫ്ലോർ അപ്രത്യക്ഷമാകുന്നു. പെട്ടെന്നുള്ള വീഴ്ച നേരിട്ട് 360-ഡിഗ്രി ലൂപ്പിംഗ് സ്ലൈഡിലേക്ക് കൊണ്ടു പോകുന്നു. ഭാരമില്ലായ്മയും വമ്പിച്ച ജി-ഫോഴ്‌സും സംയോജിപ്പിച്ച് സ്പ്ലാഷ്ഡൗൺ ഫിനിഷ് ചെയ്യുന്നു. 15 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഈ റൈഡ്, വിനോദ മേഖയിലെ ഏറ്റവും തീവ്രവും ത്രസിപ്പിക്കുന്നതുമായ ആകർഷണങ്ങളിൽ ഒന്നാണ്.
''വണ്ടർലയുടെ യാത്ര ആരംഭിച്ചത് കൊച്ചിയിലാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള ഓരോ പുതിയ റൈഡും ഞങ്ങൾക്ക് സ്പെഷലാണ്. പുതിയ റൈഡുകളായ ഫ്രീസ്റ്റൈലറും ഡ്രോപ്പ് ലൂപ്പും സാഹസിക പ്രേമികൾക്ക് ഈ അവധിക്കാലത്ത് ഏറെ ആവേശം പകരുമെന്ന് ഞങ്ങൾക്കുറപ്പാണ്. റൈഡ് ഡിസൈൻ മുതൽ കമ്മീഷൻ ചെയ്യുന്നതുവരെയുളള എല്ലാക്കാര്യങ്ങളിലും എപ്പോഴത്തെയും പോലെ സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ആഗോള നിലവാരമുള്ള വിനോദം തുടർച്ചയായി നൽകാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിഥികൾ ഈ അതുല്യമായ അനുഭവങ്ങൾ ആസ്വദിക്കുന്നതു കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. " - വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും എംഡിയുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
പുതിയ റൈഡുകൾ ലോഞ്ച് ചെയ്യുന്നതിനൊപ്പം 2025 ഡിസംബർ 20 മുതൽ 2026 ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഗ്രാൻഡ് ക്രിസ്മസ് സെലിബ്രേഷനും വണ്ടർലയിൽ ആരംഭിക്കും. അതിഥികൾക്ക് 8 മണിക്കൂർ മുതൽ 11 മണിക്കൂർ വരെ ദൈർഘ്യമുള്ള നൈറ്റ് പാർക്ക് ഫെസ്റ്റിവൽ പാസുകൾ, ആകർഷകമായ നിരക്കിൽ ഭക്ഷണ കോമ്പോകൾ ഉൾപ്പെടെയുള്ള പാർക്ക് ടിക്കറ്റുകൾ എന്നിവ തിരഞ്ഞെടുക്കുവാനും അവസരമുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, ദീപങ്ങൾ കൊണ്ട് അലങ്കരിച്ച സോണുകൾ, പ്രത്യേകം ക്യൂറേറ്റ് ചെയ്ത നിയോൺ പാർട്ടി, ലൈവ് ഷോകൾ, മ്യൂസിക്, ഫാമിലി എന്റർടെയിന്മെന്റ് എന്നിവയുൾപ്പടെയുളള ക്രിസ്മസ് ആഘോഷങ്ങളും കാർണിവലും പാർക്കിൽ ആസ്വദിക്കാം. പാപ്പാഞ്ഞിയെ കത്തിക്കാനും മനോഹരമായ വെടിക്കെട്ട് ആസ്വദിക്കാനും ഗംഭീരമായ പുതുവത്സരാഘോഷത്തിലും അതിഥികൾക്കും പങ്കു ചേരാം. സീസണൽ ട്രീറ്റുകൾ, തീം ഫോട്ടോ-ഓപ്പുകൾ, എക്സ്ക്ലൂസീവ് ഫെസ്റ്റിവൽ ഓഫറുകൾ എന്നിവ ഈ വർഷത്തെ മികച്ച അവധിക്കാലആഘോഷ കേന്ദ്രമാക്കി വണ്ടർലയെ മാറ്റും.
സിറിയൻ ക്രിസ്ത്യൻ സമൂഹ വിരുന്നിനെ അടിസ്ഥാനമാക്കി, ക്രിസ്മസ് സീസണിന് അനുയോജ്യമായ തീം വിഭവങ്ങൾക്കൊപ്പം, വണ്ടർല കൊച്ചി പ്രത്യേക ക്യൂറേറ്റഡ് ബുഫെയും ഒരുക്കുന്നുണ്ട്. വണ്ടർലായുടെ വിവിധ പാർക്കുകളിലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഓൺലൈൻ ബുക്കിങ് പോർട്ടലിൽ ലഭ്യമാണ്. കൊച്ചി പാർക്ക്- ഓൺലൈൻ ബുക്കിംഗ് പോർട്ടൽ: https://bookings.wonderla.com/ ബന്ധപ്പെടേണ്ട നമ്പർ - 0484- 3514001, 7593853107.