ക്യാഷ് കൗണ്ടറുകൾ വെട്ടിക്കുറക്കാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ക്യാഷ് കൗണ്ടറുകള്‍ വെട്ടിക്കുറക്കാൻ നീക്കവുമായി കെ.എസ്.ഇ.ബി. ആധുനികവത്കരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് നൽകുന്ന വിശദീകരണം. കെ.എസ്.ഇ.ബിയുടെ പട്ടാഴി സെക്ഷനില്‍ ബില്ലടക്കാന്‍ വാര്‍ഡ് മെമ്പർ പതിനായിരം രൂപയുടെ നാണയവുമായി പ്രതിഷേധിക്കാനെത്തിയതിന് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് 776 സെക്ഷന്‍ ഓഫീസുകളാണുള്ളത്. ഇതില്‍ 400 ഓഫീസുകളില്‍ രണ്ട് ക്യാഷ് കൗണ്ടര്‍ വീതമുണ്ട്. 6000 ഉപഭോക്താക്കളില്‍ കൂടുതലുള്ള സെക്ഷനുകളിലാണ് കൂടുതല്‍ കൗണ്ടറുകള്‍ ഉള്ളത്. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം ബില്‍ കലക്ഷന്‍ തുകയുടെ 29 ശതമാനം മാത്രമാണ് കൗണ്ടറുകളിലൂടെ കെ.എസ്.ഇ.ബിയുടെ പക്കലെത്തുന്നത്. ഓണ്‍ലൈനായും മറ്റ് സംവിധാനങ്ങളിലൂടെയുമാണ് ബാക്കി ഇടപാട് നടക്കുക. 1500 രൂപക്ക് മുകളിലുള്ള ബില്ല് ഓണ്‍ലൈനായി മാത്രമാണ് നിലവിൽ സ്വീകരിക്കുക. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനായിട്ടാണ് കൗണ്ടറുകളുടെ എണ്ണം ചുരുക്കുന്നത് കുറക്കുന്നത്. കൗണ്ടറിലെ ജീവനക്കാരെ മാറ്റി നിയമിക്കും.