ബേക്കൽ ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും: നിരവധി പേർക്ക് പരുക്ക് | Rapper Vedan Concert
കാസർഗോഡ്: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ വൻ തിരക്കും അപകടങ്ങളും. പരിപാടി കാണാനെത്തിയ ജനക്കൂട്ടത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതീക്ഷിച്ചതിലും അധികം ആളുകൾ പരിപാടിക്കെത്തിയതാണ് നിയന്ത്രണാതീതമായ തിരക്കിന് കാരണമായത്. തിരക്ക് വർധിച്ചതോടെ പോലീസ് ലാത്തിവീശി. ബേക്കൽ ബീച്ച് പരിസരത്ത് ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ വലിയ തോതിൽ പരിഭ്രാന്തി പരന്നു.
തിരക്കിനിടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തെ റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ ട്രെയിൻ തട്ടി. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഘാടനത്തിലെ വീഴ്ചയാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
