കണ്ണൂർ: ഉപഭോക്താക്കൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ ക്രമക്കേട് നടത്തിയ പഴയങ്ങാടിയിലെ 'പ്രതീക്ഷ' ബാറിന് പിഴ ശിക്ഷ. 60 മില്ലിക്ക് പകരം 48 മില്ലി മാത്രം നൽകുന്ന അളവ് പാത്രം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനാണ് വിജിൻലൻസ് പരിശോധനയെത്തുടർന്ന് 25,000 രൂപ പിഴ ഈടാക്കിയത്.
ബാറുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് അതിവിദഗ്ധമായ ഈ തട്ടിപ്പ് പുറത്തായത്. ഉപഭോക്താക്കൾക്ക് ലഹരി കൂടിയെന്ന് തോന്നിത്തുടങ്ങിയാൽ കൃത്യമായ അളവ് പാത്രങ്ങൾ മാറ്റി, അളവ് കുറഞ്ഞ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. ആദ്യത്തെ രണ്ട് പെഗ്ഗുകൾ കൃത്യമായ അളവിൽ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് തട്ടിപ്പ് തുടങ്ങുന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ:
60 മില്ലി ഓർഡർ ചെയ്യുന്നവർക്ക് പകരം നൽകുന്നത് 48 മില്ലി മാത്രം കൊള്ളുന്ന പാത്രത്തിലെ മദ്യം. 30 മില്ലിക്ക് പകരം 24 മില്ലി മാത്രമാണ് പിന്നീട് ഉപഭോക്താവിന് ലഭിക്കുന്നത്.പഴയങ്ങാടിക്ക് പുറമെ ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലെ ബാറുകളിലും വിജിലൻസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.