

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിൽ പുഴയിൽ വീണ് ആറുവയസ്സുകാരി മരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി. ഹൗസിൽ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്രാറയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഫറോക്ക് ചന്ത എൽ.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്രാറ. അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. പുഴയുടെ കരയിൽ അമ്മയുൾപ്പെടെയുള്ളവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, മറ്റ് കുട്ടികൾക്കൊപ്പം വെള്ളത്തിലിറങ്ങി കളിക്കുന്നതിനിടെ അബ്രാറ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു.
ഉടൻതന്നെ കുട്ടിയെ വെള്ളത്തിൽനിന്നും പുറത്തെടുത്ത് കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.