Times Kerala

കോന്നി ഗവ.മെഡിക്കല്‍ കോളേജ് റോഡ് നിര്‍മാണം സാങ്കേതിക അനുമതി ഉടന്‍ ലഭ്യമാകും: അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

 
jj7ju

കോന്നി മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ സാങ്കേതിക അനുമതി ഉടനെ ലഭ്യമാകുമെന്ന്  അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. എം എല്‍ എ യുടെയും പൊതു മരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോഡ് പ്രവര്‍ത്തി  വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍  തീരുമാനമായി. സാങ്കേതിക അനുമതി ലഭ്യമാകത്തക്ക തരത്തില്‍ റോഡിന്റെ എസ്റ്റിമേറ്റ് പുനക്രമീകരിച്ചു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വസ്തു ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്.

  കോന്നി മുരിങ്ങമംഗലം ജംഗ്ഷന്‍ മുതല്‍ വട്ടമണ്‍ വരെയും, പയ്യനാമണ്‍ മുതല്‍ വട്ടമണ്‍ വരെയുമുള്ള 4.5 കിലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടി രൂപയാണ് റോഡ് വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും 9 മീറ്റര്‍ ടാറിങ്ങുമാണ്  വിഭാവനം  ചെയ്യുന്നത്.  225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 132 പേരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസിലും  പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ രണ്ടുമാസം കൊണ്ട് പൂര്‍ത്തീകരിക്കും.  ഇതിനോടൊപ്പം സാങ്കേതിക അനുമതിയും ലഭ്യമാകും.
റോഡ് വികസനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി  കെഎസ്ഇബിയുടെ നിലവിലുള്ള മുഴുവന്‍ പോസ്റ്റുകളും മാറ്റി പുനസ്ഥാപിക്കും. കേരള വാട്ടര്‍ അതോറിറ്റിയുടെ കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും   മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടുണ്ട്.

 യോഗത്തില്‍  എംഎല്‍എ യോടൊപ്പം പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു രാജ്, മറ്റു പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story