കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ ഭൂമി കുടിയൊഴിപ്പിക്കൽ നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു (Malayidamthuruthu eviction case). ഒഴുപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനായി ഈ മാസം 16 വരെയാണ് കോടതി സമയം നീട്ടിനൽകിയത്. എന്നാൽ ഒഴുപ്പിക്കൽ ഉത്തരവിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഇനിയും കൂടുതൽ സാവകാശം അനുവദിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.
റൂറൽ എസ്.പി സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. ഹൈക്കോടതി വിഷയം പരിഗണിക്കുന്നത് വരെ പെരുമ്പാവൂർ മുൻസിഫ് കോടതി ഈ വിഷയത്തിൽ മറ്റ് ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസ് നിർദ്ദേശിച്ചു.
മലയിടംതുരുത്ത് ഒഴിപ്പിക്കൽ നടപടികൾക്കായി ഈ മാസം 9 വരെയാണ് ഹൈക്കോടതി മുൻപ് സർക്കാരിന് സമയം അനുവദിച്ചിരുന്നത്. എന്നാൽ കുടിയൊഴിപ്പിക്കലിനുള്ള സാവകാശം ഒൻപതാം തീയതിക്ക് അപ്പുറത്തേക്ക് നീട്ടി നൽകാൻ കഴിയില്ലെന്നും, അതിനകം തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പെരുമ്പാവൂർ മുൻസിഫ് കോടതി അഭിഭാഷക കമ്മീഷന് കർശന നിർദ്ദേശം നൽകിയിരുന്നു. മുൻസിഫ് കോടതിയുടെ നിലപാട് കടുത്തതോടെ ഒഴുപ്പിക്കൽ നടപടികൾക്കായി പോലീസ് സംരക്ഷണം തേടി അഭിഭാഷക കമ്മീഷൻ റൂറൽ എസ്.പിക്ക് കത്ത് നൽകി.
കുടിയൊഴിപ്പിക്കൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്ന സാഹചര്യത്തിലാണ് റൂറൽ എസ്.പി വിഷയം വീണ്ടും ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടർന്ന് കാര്യങ്ങൾ വിശദമായി പരിശോധിച്ച കോടതി ഈ മാസം 16 വരെ താൽക്കാലികമായി നടപടികൾ നീട്ടിവെക്കാൻ ഉത്തരവിടുകയായിരുന്നു.
Story Summary: The Kerala High Court has temporarily stayed the eviction procedures at Malayidamturuthu in Ernakulam, extending the deadline until June 16. The Single Bench issued the order based on a petition filed by the Rural SP, while firmly stating that the government cannot back out of the final eviction order.

