കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാർ, എഴുത്തുകാർ, അവരുടെ വിധവകൾ എന്നിവർക്കായി നടപ്പിലാക്കുന്ന ‘മുത്തൂറ്റ് സ്നേഹസമ്മാനം 2026’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു (Muthoot Snehasammanam 2026). തിരഞ്ഞെടുക്കപ്പെടുന്ന 20 കലാകാരന്മാർക്ക് പ്രതിമാസം 5000 രൂപ വീതമാണ് ധനസഹായം നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിലെ പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളായ കഥകളി, ചെണ്ട, മൃദംഗം, സരസ്വതി വീണ, തംബുരു, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചെങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാർക്കും അർഹരായ എഴുത്തുകാർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ളവർ താഴെ പറയുന്ന രേഖകൾ സഹിതം അപേക്ഷിക്കണം:
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ.
അപേക്ഷകർക്ക് ലഭിച്ച പുരസ്കാരങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ.
കലാരംഗത്തെ വിദഗ്ദ്ധന്റെ സാക്ഷ്യപത്രം.
ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ.
വരുമാന സർട്ടിഫിക്കറ്റ്.
വിലാസം: മാനേജിംഗ് ഡയറക്ടർ, ദി മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസ്, എൻ.എച്ച്. ബൈപ്പാസ്, പാലാരിവട്ടം, കൊച്ചി – 682028. അപേക്ഷകൾ അയക്കുന്ന കവറിന് പുറത്ത് ‘മുത്തൂറ്റ് സ്നേഹസമ്മാനം 2026-നുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തേണ്ടതാണ്.
അവസാന തീയതി: അപേക്ഷകൾ മെയ് 30-ന് വൈകിട്ട് 5.30-നകം ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-4804079 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നമ്മുടെ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിൽ കലാകാരന്മാർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അവരെ പിന്തുണയ്ക്കേണ്ടത് ഉത്തരവാദിത്വമാണെന്നും മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.
Story Summary: Muthoot Finance has invited applications for the ‘Muthoot Snehasammanam 2026’ scheme, providing monthly financial aid of ₹5,000 to 20 needy artists and writers in Kerala. Eligible traditional temple artists and writers must submit their applications by May 30, 2026.

