തിരുവനന്തപുരം/ഇടുക്കി: സംസ്ഥാനത്ത് ഉഷ്ണതരംഗം ആരംഭിച്ച് കനത്ത ചൂട് തുടരുന്നതിനിടെ മൂന്ന് പേർക്ക് കൂടി സൂര്യാതപമേറ്റു (Sunstroke Kerala). തിരുവനന്തപുരം കിളിമാനൂരിലും ഇടുക്കിയിലുമാണ് അപകടം റിപ്പോർട്ട് ചെയ്തത്. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാംഗം ലതിക (56) യ്ക്കാണ് മാലിന്യ ശേഖരണത്തിനിടെ പൊള്ളലേറ്റത്. കടകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുമ്പോഴായിരുന്നു സംഭവം. ലതികയുടെ കൈകളിലും കാലുകളിലും കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കിയിൽ രണ്ട് പേർക്കാണ് സൂര്യാതപമേറ്റത്. മുട്ടം സ്വദേശി കളപ്പുരയ്ക്കൽ നാരായണൻ, പെരുമറ്റം സ്വദേശിനി ആശ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും ചികിത്സ തേടി.
സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശമുള്ളത്. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ അൾട്രാ വയലറ്റ് (UV) ഇൻഡക്സ് എട്ട് രേഖപ്പെടുത്തി. ഇത് ചർമ്മരോഗങ്ങൾക്കും സൂര്യതാപത്തിനും സാധ്യത വർധിപ്പിക്കുന്നു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
Story Summary: Three individuals, including a Haritha Karma Sena member in Kilimanoor and two others in Idukki, suffered sunstroke as extreme heat continues across Kerala. An Orange Alert has been issued for Pathanamthitta, Alappuzha, Kottayam, and Idukki districts, with high UV index levels recorded in several areas.

