അമൃത്സർ: ആം ആദ്മി പാർട്ടിയിലെ നാടകീയമായ പിളർപ്പിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ ഒരുങ്ങുന്നു ( Bhagwant Mann to Meet President). പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ അംഗങ്ങളെ അയോഗ്യരാക്കണമെന്നും അവരെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടാണ് മൻ രാഷ്ട്രപതിയെ കാണുന്നത്. പഞ്ചാബിലെ എഎപി എംഎൽഎമാരും മന്നിനൊപ്പമുണ്ടാകുമെന്നാണ് വിവരം.
രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ അംഗങ്ങളാണ് എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെ നിയമസഭാ കക്ഷിയിലും സമാനമായ പിളർപ്പുണ്ടാക്കാൻ ഛദ്ദ പക്ഷം ശ്രമിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ നീക്കം. കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെ തടയാൻ സംവിധാനങ്ങൾ വേണമെന്ന് ഭഗവന്ത് മൻ ആവശ്യപ്പെടും. രാജ്യസഭയിൽ നിന്ന് ഈ അംഗങ്ങളെ ഉടൻ പുറത്താക്കണമെന്ന നിലപാടിലാണദ്ദേഹം. രാജിവച്ചു പോയവരെ പാചകച്ചേരുവകളോട് ഉപമിച്ചാണ് മൻ പരിഹസിച്ചത്. ഇഞ്ചി, വെളുത്തുള്ളി, ജീരകം തുടങ്ങിയ ഏഴ് ചേരുവകൾ വിഭവത്തിന് രുചി കൂട്ടുമെങ്കിലും അവയ്ക്ക് മാത്രമായി ഒരു വിഭവമാകാൻ കഴിയില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
പഞ്ചാബിൽ അടുത്തിടെ നടപ്പിലാക്കിയ കർശനമായ മതനിന്ദാ നിയമത്തിൽ ബിജെപി അസ്വസ്ഥരാണെന്നും അതിന്റെ പ്രതിഫലനമാണ് പാർട്ടിയെ തകർക്കാനുള്ള നീക്കമെന്നും മൻ ആരോപിച്ചു. പുതിയ നിയമപ്രകാരം മതനിന്ദയ്ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. എഎപിക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിയായ ഈ പിളർപ്പിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ഭഗവന്ത് മന്നിന്റെ തീരുമാനം.
Summary: Punjab CM Bhagwant Mann is set to meet President Droupadi Murmu following a major split in AAP. Accompanied by AAP MLAs, Mann will demand action against the seven Rajya Sabha MPs, including Raghav Chadha, who defected to the BJP. Mann mocked the defectors on social media, comparing them to cooking ingredients that have no value on their own. He also linked the political crisis to the BJP’s alleged discomfort over Punjab’s strict new anti-sacrilege laws.

