തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ തലസ്ഥാനത്തെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്ന് ദേശീയ നേതാക്കളെ ഊഷ്മളമായി സ്വീകരിച്ചു.(Kerala Cabinet, Rahul Gandhi Priyanka Gandhi Mallikarjun Kharge Arrive In Trivandrum For Kerala Cabinet Oath Ceremony)
ഇവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പുതിയ സർക്കാരിന്റെ അധികാരമേൽക്കൽ ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി.
രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽക്കേ പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. സത്യപ്രതിജ്ഞാ വേദിയിലും പരിസരത്തും അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇരിപ്പിടം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വി.വി.ഐ.പി നിരയിൽ പോലും ആവേശം മൂത്ത പ്രവർത്തകർ നിറഞ്ഞുകഴിഞ്ഞു. മുൻനിരയിലെ തിരക്ക് നിയന്ത്രിക്കാനും ജനങ്ങളെ സീറ്റുകളിലേക്ക് മാറ്റാനും പോലീസ് ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും അണികളുടെ ആവേശത്തിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ പലപ്പോഴും അശക്തരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിലുള്ളത്.
മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 20 അംഗ മന്ത്രിമാരാണ് ഇന്ന് ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. യു.ഡി.എഫ് മുന്നണിയിലെ വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് താഴെ പറയുന്ന നേതാക്കളാണ് ഇന്ന് കേരളത്തിന്റെ പുതിയ ഭരണസാരഥികളാകുന്നത്: പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ.
Story Summary
National Congress leaders Mallikarjun Kharge, Rahul Gandhi, and Priyanka Gandhi, along with Chief Ministers Siddaramaiah and Revanth Reddy, arrived in Thiruvananthapuram for the historic UDF cabinet oath ceremony. The Central Stadium is packed with a massive crowd, creating tight seating even for VVIPs and MLAs.

