തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala Assembly Session From May 21 VD Satheesan Announces Free KSRTC Travel For Women)
മെയ് 21-ന് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും തൊട്ടടുത്ത ദിവസമായ മെയ് 22-ന് സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുമായി സഭ വിളിച്ചുചേർക്കാനാണ് ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തിരിക്കുന്നത്. ഗവർണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മെയ് 29-ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സഭയിലെ ഏറ്റവും മുതിർന്ന അംഗവും അമ്പലപ്പുഴയിൽ നിന്നുള്ള എം.എൽ.എയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും. ആദ്യ വാർത്താസമ്മേളനത്തിൽത്തന്നെ ജനപ്രിയമായ ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തി. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സംബന്ധിച്ചും, വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ചും ആദ്യ യോഗത്തിൽ ചർച്ചകൾ നടന്നു. ഇതിന് പുറമെ ആശാ വർക്കർമാർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ പ്രധാന പ്രഖ്യാപനം. വയോജനങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രാജ്യത്ത് തന്നെ ആദ്യമായാണ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ അവിടുത്തെ മുതിർന്ന പൗരന്മാരെയും വയോജനങ്ങളെയും കൃത്യമായി സംരക്ഷിക്കണം. വയോജന വകുപ്പ് രൂപീകരണത്തിന് പിന്നിൽ സർക്കാരിന് സ്വപ്നതുല്യമായ ലക്ഷ്യങ്ങളുണ്ട്, മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച മറ്റൊരു പ്രധാന ഗ്യാരണ്ടിയായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മുൻപ് സമരവേദിയിൽ വെച്ച് താൻ നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവ് വരുത്താൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ആശാ വർക്കർമാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 9,000 രൂപ ഇതോടെ 12,000 രൂപയായി ഉയരും. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുൻപ് ആശാ വർക്കർമാർ നടത്തിയ സമരവേദിയിൽ വെച്ച്, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിൽ തീരുമാനമെടുക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.
ആദ്യഘട്ടം എന്ന നിലയിലാണ് ഈ പ്രഖ്യാപനമെന്നും ആശാ വർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് തുക ഇനിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങളിലും സർക്കാർ ആദ്യ യോഗത്തിൽ തന്നെ ഇടപെട്ടു. അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ എന്നിവർക്ക് പുറമെ പ്രീ-പ്രൈമറി അധ്യാപകർ, സ്കൂളുകളിലെ പാചക തൊഴിലാളികൾ എന്നിവരുടെ വേതനത്തിൽ 1,000 രൂപ വീതം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇത് വലിയൊരു തുകയല്ലെന്ന് തനിക്കറിയാമെന്നും എന്നാൽ സാധാരണക്കാരായ ജീവനക്കാരെ ചേർത്തുപിടിക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്. കേസ് അട്ടിമറിക്കാൻ മുൻപ് ശ്രമം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പോലീസ് സംഘം കേസ് പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Story Summary
Chief Minister V.D. Satheesan announced that the state cabinet has recommended the Governor to convene a special assembly session for the swearing-in of newly elected MLAs on May 21 and the Speaker’s election on May 22. Senior MLA G. Sudhakaran will be appointed as the Pro-tem Speaker, and the Governor’s policy address is scheduled for May 29. Following the first cabinet meeting, the Chief Minister also announced welfare measures including free KSRTC travel for women, a separate department for senior citizens, and a special package for ASHA workers.

