വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമ: മന്ത്രി കെ രാധാകൃഷ്ണൻ

 വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമ: മന്ത്രി കെ രാധാകൃഷ്ണൻ
 

വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ കടമയാണെന്നും അതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് വരുന്നുണ്ടെന്നും പട്ടികജാതി പട്ടികവർഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോവിഡ് മഹാമാരിയെ അതിജീവിക്കാൻ കേരളം നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന ലാപ്ടോപ്പുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുതുരുത്തി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. വിദ്യാർത്ഥികൾ ഡിജിറ്റൽ ഉപകരണങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും അവ ദുർവിനിയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ കായിക ആരോഗ്യകാര്യങ്ങളിൽ സ്കൂൾ ഗ്രൗണ്ടുകൾ പ്രധാനമാണെന്നും അതിനാൽ ജി എച്ച് എസ് എസ് ഗ്രൗണ്ട് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

വള്ളത്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈഖ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഴയന്നൂർ ബ്ലോക്ക് മെമ്പർമാരായ എം വി സുചിത്ര, പി എം നൗഫൽ, വള്ളത്തോൾ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ യൂസഫ്, പഞ്ചായത്ത് മെമ്പർ താജുനിസ, സ്കൂൾ പിടിഎ പ്രസിഡന്റ് എം ആർ ജയകൃഷ്ണൻ, മുൻ പിടിഎ പ്രസിഡന്റ് ഗോവിന്ദൻകുട്ടി, വടക്കാഞ്ചേരി എഇഒ എ മൊയ്തീൻ, പഴയന്നൂർ ബിപിസിപി ഐ യൂസഫ്, സ്കൂൾ പ്രിൻസിപ്പൽ ജി വേണുഗോപാൽ, പ്രധാനധ്യാപിക ഷൈനി ജോസഫ് എന്നിവർ പങ്കെടുത്തു.

Share this story